The Great Indian Kitchen (2021)
Joe Baby
Malayalam / 1 Hr 40 Min
മഹത്തായ ഭാരതീയ അടുക്കള...!! ഭാരതീയ അടുക്കളകൾ മഹത്തരം ആകുന്നതെങ്ങനെ ആണ് എന്നാലോചിക്കാറുണ്ടോ..? കാരണം ഓരോ വിഭവത്തിനൊപ്പവും ഒരു സ്ത്രീയുടെ സ്വപ്നങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും ഒരു അംശവും കൂടി ചേർത്തു പാകം ചെയ്യുന്നത് കൊണ്ടാകാം.
തപ്പട് എന്ന സിനിമ കണ്ടപ്പോൾ എനിക്ക് അതിനോട് അത്രക്ക് യോജിക്കാൻ പറ്റിയിരുന്നില്ല. കാരണം അയാളുടെ ഭാഗത്തെ ന്യായങ്ങൾ കണ്ടുപിടിക്കാനും ഞാൻ ശ്രമിച്ചിരുന്നു,അവളുടെ കഷ്ടപ്പാടുകൾ അധികം കാണാൻസാധിച്ചില്ല (അല്ലെങ്കിൽ കാണിച്ചില്ല). പക്ഷെ മഹത്തായ ഭാരതീയ അടുക്കളയുടെ ഭൂരിഭാഗവും പേര് പോലെതന്നെ അടുക്കളയും ഭക്ഷണം ഉണ്ടാക്കലും ക്‌ളീനിംഗും ആണ് കാണിക്കുന്നത്. ഇത് തന്നെ എന്തിനു കുറെ നേരം കാണിക്കുന്നു എന്ന് തോന്നി നമുക്ക് വിരസത വന്നേക്കാം. അപ്പോൾ ഇത് തന്നെ എന്നും ചെയ്യുന്നതിന്റെ വിരസത ആലോചിച്ചു നോക്കൂ. അടുക്കള ജോലി കഴിഞ്ഞിട്ടാകാം ബാക്കി എന്ന് പറയുമ്പോൾ, അത് കഴിയുന്നില്ലല്ലോ എന്നൊരു മറു ചോദ്യം ചോദിക്കേണ്ടിയിരിക്കുന്നു!!!
സുരാജിനും നിമിഷക്കും സിനിമയിൽ പേരൊന്നും ഇല്ല എന്ന് തോന്നുന്നു കാരണം അവർ നമ്മുടെയെല്ലാം പ്രതിനിധി ആയതുകൊണ്ടാകാം. സിനിമ തുടങ്ങി അവസാനഭാഗം ആകുമ്പോഴേക്കും കാണുന്നവർ തന്നെ നിമിഷയുടെ സ്വാതന്ത്ര്യം ആഗ്രഹിച്ചേക്കാം. സുരാജും സുരാജിന്റെ അച്ഛൻ ആയി അഭിനയിച്ച ആളും അത്രത്തോളം വെറുപ്പ് സംബന്ധിച്ച് കൂട്ടുന്നുണ്ട്.
എന്റെ മാനേഴ്സിനെന്താ കുഴപ്പം..?? എന്റെ സൗകര്യം ആണ് എന്റെ മാനേഴ്സ് എന്നെല്ലാം നമ്മളും പല തവണ പറഞ്ഞു കാണും.
കല്യാണ ശേഷമുള്ള ആദ്യ നാളുകളിൽ സന്തോഷത്തോടെ ചെയ്തുകൊണ്ടിരുന്ന പാചകം നിമിഷക്ക് അവസാനം ആകുമ്പോഴേക്കും വെറുപ്പായി മാറുന്നുണ്ട്, തുടക്കത്തിൽ വെറുപ്പോടെ ചെയ്തുകൊണ്ടിരുന്ന ക്‌ളീനിംഗ് അവസാനം ശീലമായി മാറുന്നു. തനിക്കൊരു ജോലിക്ക് പോകണം എന്ന് പറയുന്നതിനെ അത് ഈ തറവാടിന് ചേർന്നതല്ല എന്നും തന്റെ ഭാര്യ MA വരെ പഠിച്ചിട്ടും ജോലിക്ക് പോകാതെ (ജോലിക്ക് വിടാതെ) അടുക്കളയിൽ ഇരുന്ന് ഭാരതത്തിനു വേണ്ടി ഓരോ കലക്ടർമാരെയും നേതാക്കന്മാരെയും ഉണ്ടാക്കിയെടുക്കുക ആയിരുന്നു എന്നും എത്ര അഭിമാനത്തോടെ ആണ് അയാൾ പറയുന്നത് എന്ന് നോക്കൂ. സുരാജിന്റെ അമ്മയുടെ കഥാപാത്രവും രസകരമാണ് വീടിനുള്ളിൽ നിന്ന് സാരിയുടുത്തു കഴിഞ്ഞിരുന്ന അവർ മകളുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ സ്വതന്ത്ര ആകുന്നത് അവരുടെ വസ്ത്രത്തിലെ മാറ്റത്തിലൂടെ കാണാം. വ്രതമെടുക്കുമ്പോൾ അവൾ ചിട്ടകളെല്ലാം പാലിക്കാനും പഴമയോട് ചേർന്ന് നിക്കാനും അയാൾ ശ്രദ്ധിക്കുന്നു അവളെ മുറിയിൽ അടച്ചിട്ട് പുറത്തു ഉള്ളത് തൊട്ട് അശുദ്ധമാകാതിരിക്കാനും കർക്കശമായി ശ്രദ്ധിക്കുന്ന അയാൾ തനിക്കൊരു അശുദ്ധി വന്നപ്പോൾ പഴയ രീതിയായ ചാണകം കഴിക്കാതെ ഒരു കുളിയിലൂടെ ശുദ്ധി നേടി എടുക്കുന്നുണ്ട്.
ഇങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത പ്രശ്നങ്ങൾ സിനിമ പങ്കുവെക്കുന്നുണ്ട് പക്ഷെ സിനിമ എല്ലാത്തരം ഓഡിയൻസിനെയും പിടിച്ചിരുത്താൻ പാകം എൻഗേജിങ് ആണോ എന്ന് സംശയം ഉണ്ട്. സിനിമയുടെ അവസാനവും സന്തോഷകരമാണ് തനിക്ക് സ്ത്രീധനമായി കിട്ടിയ കാർ ഓടിച്ചു തനിക്കിഷ്ടമുള്ള ജോലി നേടി അവൾ സ്വാതന്ത്രയാകുമ്പോഴും അയാൾ പുതിയ ഭാര്യയോടൊപ്പം പഴയതുപോലെ തന്നെ ജീവിക്കുക ആണ്.